പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകൾ ലക്ഷ്യം കണ്ടു: മുഖ്യമന്ത്രി പിണറായി വിജയൻ
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ലക്ഷ്യം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ പ്രവർത്തനങ്ങളിലൂടെയും ആവശ്യമായ നടപടികളിലൂടെയും മുൻപ് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ കഴിഞ്ഞു. 1,000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുന്ന കമ്പനികളുടെ ഗണത്തിലേക്ക് കടന്ന കെൽട്രോൺ അനന്തമായ വികസന സാധ്യതകളുള്ള കെ എം എം എൽ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ മികച്ച മാതൃകകളാണ്. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്പശാലയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിന് സ്ഥാപനത്തിനുള്ളിൽ നിന്നും തന്നെ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഉൽപ്പന്നങ്ങൾ ഫലപ്രദമായി മാർക്കറ്റ് ചെയ്യാനാകണം. സുതാര്യവും സംശുദ്ധവുമായ നടപടികൾ സ്ഥാപനത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഉറപ്പാക്കണം. റിക്രൂട്ട്മെന്റ് നടപടികൾ സമയബന്ധിതമായും നടപ്പിലാക്കണം. സ്ഥാപന മേധാവികൾ ആഭ്യന്തരമായ വിഷയങ്ങൾ കൃത്യമായി പരിഹരിച്ച് മുന്നോട്ട് പോകണമെന്നും പ്രവർത്തനങ്ങളിൽ പ്രൊഫഷണലിസം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശില്പശാലയുടെ ഭാഗമായി സർക്കാരിന് സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുഭരണ, വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂലാ തോമസ്, ബ്യുറോ ഓഫ് പബ്ലിക് എന്റെർപ്രൈസസ് ഡയറക്ടർ മനോജ് എൻ കെ, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ ചെയർമാൻ അജിത് കുമാർ കെ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൊതുമേഖല കമ്പനികളുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിനും ഭരണതലത്തിൽ ആവശ്യമായ ആശയങ്ങൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയിലെ ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നയപരമായ മാറ്റങ്ങളും നിർദ്ദേശങ്ങളും അടങ്ങുന്ന കരട് രേഖ സർക്കാരിന് സമർപ്പിക്കും